ജ്ഞാനാന്വേഷണം ഒരു തീർത്ഥാടനം: പ.കാതോലിക്കാ ബാവ
പത്തനംതിട്ട:ജ്ഞാനാന്വേഷണം ഒരു തീർത്ഥാടനമാണെന്നും അത് വിഭിന്ന മാർഗങ്ങളിലൂടെ പൂർത്തീകരിക്കപ്പെടേണ്ടതാണെന്നും മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കോളേജ് എഡ്യൂക്കേഷണൽ ഏജൻസിയുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
ദൈവീക ജ്ഞാനത്തെ സർവ പ്രപഞ്ചത്തിനും പങ്കു വക്കാനുള്ള ഇടമാണ് കലാലയം. ജ്ഞാനത്തിന്റെ വാഹകരും അത് പങ്കു വെക്കുന്ന പൂജാരികളുമാണ് അദ്ധ്യാപകർ .ജ്ഞാനസ്വരൂപനായ ദൈവം അജ്ഞാനാന്ധകാരം മാറ്റി ലോകത്തെ ജ്ഞാനപ്രകാശത്തിലേക്കു നയിക്കുവാനാണ് ദൈവം നമ്മെ അയച്ചിരിക്കുന്നത്.
വിദ്യാർത്ഥി പ്രസ്ഥാനം അംഗങ്ങളെ വലിയ മാർ ബസ്സേലിയോസിന്റെ ആരാധനജീവിതവും സാമൂഹ്യപ്രതിബദ്ധതയും ഉൾക്കൊണ്ട് ജീവിക്കണമെന്ന് ഉത്ബോധിപ്പിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സംഘടിപ്പിച്ച കോളേജ് വിദ്യാർത്ഥി പ്രസ്ഥാനം-സെൻറ് .ബേസിൽ അസോസിയേഷൻ ഉത്ഘാടനവും സ്വീകരണവും നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.1952 ഇൽ ആരംഭിച്ച മദ്ധ്യതിരുവിതാംകൂറിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ കാതോലിക്കേറ്റ് കോളേജ് പഠനരംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട് . സപ്തതി വർഷത്തിൽ വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ടു ലോകത്തിന് നേട്ടമാകുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ കലാലയത്തിനു സാധിക്കട്ടെ എന്ന് പ.ബാവ തിരുമേനി ഉത്ബോധിപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ.കുര്യാക്കോസ് മാർ ക്ളീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.മുൻകാല പിതാക്കന്മാരുടെ ത്യാഗനിർഭരമായ ജീവിതവും പ്രവർത്തനവും കോളേജിന്റെ സപ്തതി നിറവിന് മാറ്റുകൂട്ടുന്നുവെന്നും ക്ളീമീസ് തിരുമേനി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ലോഗോ പ.കാതോലിക്കാ ബാവ പ്രകാശനം ചെയ്തു.കോളേജ് സെൻറ്. ബേസിൽ അസോസിയേഷൻറെ ഈ വർഷത്തെ പരിപാടികളുടെ ഉത്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഈ ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ വൈദീക ട്രസ്റ്റി -ഫാ.ഡോ .എം.ഒ .ജോൺ മുഖ്യപ്രഭാഷണം നടത്തി.മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഭാഗ്യസ്മരണാര്ഹനായ പ.ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയെ അനുസ്മരിക്കുകയും തിരുമേനിയെ പറ്റിയുള്ള സെൻറ് .ബേസിൽ അസോസിയേഷൻ രചിച്ച അനുസ്മരണ ഗാനങ്ങളുടെ CD പ്രകാശനം ചെയ്യുകയും ചെയ്തു.സെൻറ് ബേസിൽ അസോസിയേഷൻ വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിശുദ്ധ ബാവയെപ്പറ്റിയുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
പ്രസ്തുത മീറ്റിംഗിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ , ബർസാർ-ഡോ.സുനിൽ ജേക്കബ്,തുമ്പമൺ ഭദ്രാസന സെക്രട്ടറി-ഫാ.ടൈറ്റസ് ജോർജ്,കോളേജ് ഗവേർണിംഗ് ബോർഡ് അംഗങ്ങളായ ഫാ.ജോൺസൻ കല്ല്ടേതിൽ കോർഎപ്പിസ്കോപ്പ,ശ്രീ.കെ.വി.ജേക്കബ്,അദ്ധ്യാപക രക്ഷാകർത്തൃസമിതി വൈസ് പ്രസിഡന്റ്-ഫാ.പി.കെ തോമസ് ,കോളേജ് അലുംനി വൈസ് പ്രസിഡന്റ്-സാമുവേൽ കിഴക്കുപുറം , ഓഫീസ് സൂപ്രണ്ട്-ശ്രീ.ബിജി കുഞ്ചാക്കോ,പ്രോഗ്രാം കൺവീനർ - ഫാ.ഡോ.തോംസൺ റോബി എന്നിവർ പ്രസംഗിച്ചു .